ഭോപ്പാൽ : മധ്യപ്രദേശിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കടുത്ത പ്രതിഷേധങ്ങളിലേക്കാണ് നീങ്ങിയിരുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. ബാദ്നഗർ, പിപ്പരിയ, സുമവാലി, ജരോര മണ്ഡലങ്ങളിലാണ് കോൺഗ്രസിനെ സ്ഥാനാർത്ഥികളെ മാറ്റേണ്ടി വന്നത്.
സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടുകൂടി ഈ പ്രദേശങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയിരുന്നത്. പ്രവർത്തകർക്ക് സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്ഥാനാർത്ഥി ആക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ബാദ് നഗറിലും സുമവാലിയിലും സിറ്റിംഗ് എംഎൽഎ മാറ്റി മറ്റു ചിലരെ സ്ഥാനാർത്ഥിയാക്കിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ബാദ് നഗർ മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചുവെന്ന് കോൺഗ്രസ് എംഎൽഎ മുരളി മോർവൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റി സിറ്റിംഗ് എംഎൽഎയെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത്. കൂടുതൽ സീറ്റുകളിൽ കൂടി മാറ്റമുണ്ടായേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








