ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പ്രിയങ്ക ഗാന്ധിയുടെ വിവാദ പരാമർശം ഉണ്ടായത്. പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ അവഹേളിക്കാനായി നുണപ്രചാരണം നടത്തുന്നു എന്ന് കാണിച്ച് ബിജെപി നേരത്തെ പരാതി നൽകിയിരുന്നു.
പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിൽ കാണിക്കയിട്ട കവറിൽ വെറും 21 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പ്രിയഗാന്ധി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോപണമുന്നയിച്ചത്. ഇക്കാര്യം താനൊരു ടെലിവിഷനിൽ കണ്ടതാണെന്നും അത് സത്യമാണോ കള്ളമാണോ എന്ന് അറിയില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ മനപ്പൂർവം അവഹേളിക്കാനായി പ്രിയങ്ക ഗാന്ധി അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് കാണിച്ച് രാജസ്ഥാൻ ബിജെപി ഘടകമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്.
പ്രസ്തുത വിഷയത്തിൽ ഒക്ടോബർ 30ന് 5 മണിക്ക് മുൻപായി പ്രിയങ്ക ഗാന്ധി വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തന്നെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതാണെന്നും അനാവശ്യമായ ആരോപണങ്ങളോ വർഗീയമോ വ്യക്തിപരമോ ആയ അധിക്ഷേപങ്ങളോ നടത്തരുതെന്ന് പെരുമാറ്റച്ചട്ടം സൂചിപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Discussion about this post