ബെയ്ജിങ്: ചൈനയുടെ മുൻപ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
2013 മുതൽ കഴിഞ്ഞ പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.2012 ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈന സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ സാമ്പത്തിക വിദഗ്ധനായിരുന്നു. പരിഷ്കരണ വാദിയായിരുന്നു ലി. ദുർബലരായ ജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു. 2023 മാർച്ചിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
പാർട്ടി നേതാവിന്റെ മകനായി ജനിച്ച കെചിയാങ് നിയമത്തിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.1993 ൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായിട്ടായിരുന്നു ലി യുടെ രാഷ്ട്രീയ പ്രവേശനം. മുൻ ചൈനീസ് പ്രസിഡന്റായിരുന്ന ഹു ജിന്റാവോയോടൊപ്പം പ്രവർത്തിച്ചതാണ് ലി യുടെ വളർച്ചയിൽ സഹായകമായത്.
Discussion about this post