തൃശൂര്‍: തൃശൂരിൽ ലോൺ വാഗ്ദാനം ചെയ്ത് അറുപതോളം ആളുകള തട്ടിപ്പിനിരയാക്കിയ 28കാരൻ അറസ്റ്റിൽ. ‘ഗുലാന്‍’ എന്നറിയപ്പെടുന്ന തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ കാര്‍ത്തിക് (28) ആണ് പിടിയിലായത്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് അരക്കോടിയോളം രൂപയാണ് പ്രതി തട്ടിയത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ചാവക്കാട് മണത്തല സ്വദേശി നൽകിയ പരാതിയിലാണ് അറസറ്റ്. ലോണ്‍ ശരിയാക്കി നല്‍കാമെന്ന് കബളിപ്പിച്ച് ഫോണിലെ ഒടിപി മനസിലാക്കിയ പ്രതി 75,000 രൂപയാണ് ഇയാളിൽ നിന്നും തട്ടിയത്. വിവിധ സ്റ്റഷേനുകളിലായി നിരവധി പരാതികൾ ഇയാക്കൈതിരേ നിലവിലുണ്ട്.
സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇരകളിലേക്കെത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറയുകയും ഇവരിൽ നിന്നും രേഖകളും ഫോൺ നമ്പറും കൈക്കലാക്കുകയും ചെയ്യും. പിന്നീട് ഫോണിൽ വിളിച്ച് ഒടിപി മനസിലാക്കുകയും ലോൺ പാസായ വിവരം അറിയിക്കുകയും ആണ് ഇവരുടെ രീതി. പിന്നീട് 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും അറിയിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. എന്നാൽ, പറഞ്ഞ സമയത്തിന് ശേഷവും പണം കിട്ടതെയാവുന്ന ആളുകൾ കാര്‍ത്തികിനെ വിളിച്ചാൽ ഇയാൾ ഇവരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ലോണ്‍ കൊടുത്ത ബാങ്കിന്റെ ആളുകള്‍ തിരിച്ചടവിനായി വീട്ടിലെത്തുമ്പോഴാണ് ആളുകൾ തട്ടിപ്പിനിരയായ വിവരം മനസിലാക്കുന്നത്. സംസ്ഥാനത്തെ വിവിധ വലിയ മൊബൈല്‍ കടകളിലെയും വിവിധ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരെയും മറയാക്കിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. മൊബൈൽ ഷോപ്പുകൾക്കായി സ്വകാര്യ ബാങ്കുകൾ നൽകുന്ന പലിശയില്ലാത്ത സ്‌കീമില്‍ വിലപ്പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങും. പിന്നീട് ഈ മൊബൈല്‍ ഫോണുകള്‍ ആ കടയില്‍ തന്നെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരുടെ സഹായത്തോടെ വില്‍പ്പന നടത്തും. ഈ പണം കൊണ്ടാണ് ഇയാൾ മൊബൈല്‍ കടയിലെ ജീവനക്കാര്‍ക്കും ലോണ്‍ നല്‍കിയ ബാങ്കിലെ ജീവനക്കാര്‍ക്കും കമ്മീഷന്‍ നല്‍കിയിരുന്നത്.








