ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ ഹര്‍ജി. കെജ്രിവാളിന്റെ പ്രസ്താവന അപകീര്‍ത്തികരവും രാജ്യദ്രോഹപരവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രദീപ് കുമാര്‍ ദ്വിവേദിയാണ് കോടതിയെ സമീപിച്ചത്. ഹര്ജിയിന്മേല് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് യോഗേഷ് സിംഗ് ജനുവരി 4ന് വാദം കേള്‍ക്കും.
മോദി ‘ഭീരുവും മനോരോഗി’യുമാണെന്ന കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഹര്‍ജി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കെതിരെ ഡിസംബര്‍ 15ന് നടന്ന സി.ബി.ഐ റെയ്ഡിന് തൊട്ടുപിന്നാലെയായിരുന്നു ട്വിറ്ററിലൂടെ കെജ്രിവാളിന്രെ അധിക്ഷേപം.
കെജ്രിവാളിനെപ്പോലെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നൊരാള് പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് ബോധപൂര്‍വ്വമാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. പ്രസ്താവനയെ അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശത്തില്പ്പെടുത്താനാകില്ല. മറ്റ് രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്രെ പ്രതിഛായ ഇല്ലാതാക്കാനുളള ഉദ്ദേശ്യവും കെജ്രിവാളിനുണ്ടായിരുന്നതായും ഹര്‍ജിയില്‍ പറയുന്നു.
അതേ സമയം പ്രതിപക്ഷത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് കെജ്രിവാള് പറഞ്ഞു.. 13 വര്‍ഷം ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനായിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേടുകളില്‍ നിരപരാധിയാണെങ്കില്‍ ഇക്കാര്യം അന്വേഷണ കമീഷനു മുമ്പാകെ തെളിയിക്കണമെന്നും നിയമസഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്ത് മാതൃകയില്‍ പ്രതിപക്ഷത്തെ വിലക്കെടുക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നതാണ് മോദിയുടെ ലക്ഷ്യം. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇപ്പോള്‍ റെയ്ഡ് ചെയ്യപ്പെട്ടതെങ്കില്‍ നാളെ അസം, ബംഗാള്‍ എന്നിവിടങ്ങളിലും ഇതു നടന്നേക്കും. സി.ബി.ഐ സ്വതന്ത്രമായിരിക്കണം എന്നുതന്നെയാണ് താന്‍ ഇപ്പോഴും വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ കുംഭകോണ ആരോപണം നേരിടുന്ന രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെയും ഓഫിസുകളില്‍ റെയ്ഡ് നടത്തിയേനെ. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എട്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ട് എന്തു ലഭിച്ചുവെന്ന് മോദി വ്യക്തമാക്കണം.
മന്ത്രിമാരെ നിരത്തി ജെയ്റ്റ്ലി നിരപരാധിയാണെന്നു പറയുകയാണ് ബി.ജെ.പി. നാളെ എ. രാജയും ഇതുതന്നെ ചെയ്തേക്കും. തന്റെ ഓഫിസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത് ജെയ്റ്റ്ലിയെ രക്ഷിക്കുക എന്ന ലക്ഷ്യം വെച്ചു മാത്രമാണെന്നും കെജ്രിവാള് ആരോപിച്ചു.
Discussion about this post