ഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ഹവാല കേസില്‍ ജയിച്ചതിനു കാരണം താന്‍ ഹാജരായതിനാല്‍ ആണെന്ന് പ്രശസ്ത അഭിഭാഷകനായ രാം ജഠ്മലാനി. അതേസമയം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കോടതിയില്‍ ഹാജരാകുന്നത് താനാണെന്നും ജഠ്മലാനി വ്യക്തമാക്കി.
അഴിമതിയാരോപണം നേരിടുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എല്‍.കെ. അദ്്വാനി ഹവാല കേസില്‍ ജയിച്ചതുപോലെ അരുണ്‍ ജെയ്റ്റ്‌ലിയും അഴിമതിയാരോപണങ്ങളില്‍ നിന്ന് മുക്തനായി പുറത്തുവരുമെന്ന് മോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജഠ്മലാനിയുടെ പ്രതികരണം.
കേസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിരൂക്ഷമായ മറുപടിയായിരുന്നു ജഠ്മലാനിയുടേത്. ബിജെപി പറയുന്നത് കേള്‍ക്കാന്‍ അവര്‍ എന്റെ ആരാണ്? ഈ പറയുന്ന അരുണ്‍ ജെയ്റ്റ്‌ലിയും കൂട്ടാളികളും നിമിത്തമാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതേസമയം, മോദിയെ അധികാരത്തില്‍ വരാന്‍ താനും സഹായിച്ചിട്ടുണ്ടെന്നും ജഠ്മലാനി അവകാശപ്പെട്ടു.
Discussion about this post