തിരുവനന്തപുരം: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകൾ ആവർത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എഎ റഷീദ് പറഞ്ഞു. കേരളാ ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷൻ സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷൻ ബാങ്ക് ശാഖാ മാനേജരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
പ്രവേശനം നൽകാൻ ഒരു സ്ഥാപനം തീരുമാനിച്ചാൽ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടത്. അർഹതയുള്ള കുട്ടികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിർദേശത്തോടെ പരാതി തീർപ്പാക്കി.
വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിനെക്കുറിച്ച് വ്യാപക പരാതികളാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. വായ്പ നിഷേധിച്ച കാരണത്താൽ വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. വായ്പ നിഷേധിക്കരുതെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും ബാങ്കുകൾ പലപ്പോഴും ഇത് പാലിക്കാറില്ല.







