ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുസ്ലീം സഹോദരങ്ങൾ. ഫത്തേപ്പൂർ സ്വദേശികളായ ശിൽപ്പികളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയത് അധികൃതർക്ക് അവർ നന്ദിയും പറഞ്ഞു.
നിലവിൽ ക്ഷേത്രത്തിലെ തൂണുകളിലെ കൊത്ത് പണികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലീം സഹോദരങ്ങളാണ് സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് സൗഭാഗ്യമായാണ് കരുതുന്നതെന്ന് ശിൽപ്പികൾ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ട്. അധികൃതർക്ക് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു.
65 ശിൽപ്പികൾ ചേർന്നാണ് ക്ഷേത്രത്തിനായി തൂണുകൾ ഒരുക്കുന്നത്. ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ് കൺസ്ട്രക്ഷൻസ്, രജ്പുത് എന്റർപ്രൈസസ് എന്നീ കമ്പനികൾക്കാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള കരാർ. യന്ത്രങ്ങൾ ഉപയോഗിക്കാതെ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ. ചുവന്ന കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിലെ തൂണുകൾ നിർമ്മിക്കുന്നത്. ഫത്തേപൂരിലെ സിക്രിയിൽ നിന്നും ആഗ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഈ കല്ലുകൾ എത്തിച്ചത്.
നിലവിൽ രാമക്ഷേത്രത്തിന്റെ അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. അടുത്ത വർഷം ജനുവരി 22 ന് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകാനാണ് അധികൃതരുടെ തീരുമാനം.
Discussion about this post