ടെൽഅവീവ്; യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഉപാധി വച്ച് ഹമാസ് ഭീകരർ. ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസിന്റെ ഉപാധി. യുദ്ധകാല ക്യാബിനറ്റിൽ വിഷയം ചർച്ച ചെയ്തനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഗാസയിൽ തങ്ങൾക്കൊപ്പമുള്ള 200 ലധികം ബന്ദികളെ സംബന്ധിച്ച് ഇസ്രായേലുമായി ഒരു കരാറിലെത്താൻ പോകുകയാണെന്ന് ഹമാസ് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രായേൽ നിഷേധിക്കുകയും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഹമാസ് ‘നിന്ദ്യമായി’ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹമാസുമായി കരാറിലേർപ്പെടുന്നില്ലെന്നും ബന്ദികളെ മോചിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി.
അതേസമയം യുദ്ധത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു.
ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച നെതന്യാഹു, യുദ്ധം ‘ദീർഘവും കഠിനവും’ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി, ഇസ്രായേൽ ആക്രമണം കേന്ദ്രീകരിക്കുന്ന വടക്കൻ ഗാസ മുനമ്പിൽ നിന്ന് പലസ്തീൻ ജനത മാറിതാമസിക്കണമെന്ന അഭ്യർത്ഥന അദ്ദേഹം ആവർത്തിച്ചു.












