തിരുവനന്തപുരം : രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ തലൈവർ 170 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചത്.
രജനീകാന്തിനൊപ്പം വൻ താരനിര തന്നെ തലൈവർ 170ൽ അണിനിരക്കുന്നുണ്ട്.
രജനീകാന്തിന്റെ സിനിമ ജീവിതത്തിലെ 170-ാമത്തെ ചിത്രമാണ് തലൈവർ 170. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നത്. ഇതുവരെ 3 ചിത്രങ്ങളിലാണ് അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. 1991ൽ പുറത്തിറങ്ങിയ ‘ഹം’ ആയിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. ആദ്യ ഷെഡ്യൂൾ മുംബൈയിൽ പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇതിഹാസ താരങ്ങൾക്ക് ഒപ്പം മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും മഞ്ജു വാര്യരും തലൈവർ 170 ന്റെ ഭാഗമാവുന്നുണ്ട്. റാണാ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.








