കോഴിക്കോട് : തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കവേ തൊഴിലാളികൾക്ക് മിന്നലേറ്റു. കോഴിക്കോട് വടകരയിലാണ് സംഭവം. 8 വനിതാ തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ തൊഴിലാളികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര എടച്ചേരിയിൽ തിങ്കളാഴ്ച നാലുമണിയോടടുത്താണ് തൊഴിലുറപ്പ് ജോലി എടുക്കുകയായിരുന്ന 8 സ്ത്രീകൾക്ക് മിന്നലേറ്റത്. ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേർ ബോധം കെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. ആരുടെയും നില ഗുരുതരമല്ല.
തൊഴിലാളികളുടെ നിലവിളി കേട്ട് നാട്ടുകാരും സമീപത്തെ സ്കൂളിലെ അധ്യാപകരും ഓടി എത്തുകയായിരുന്നു. തുടർന്ന് ഇവരാണ് തൊഴിലാളികളായ സ്ത്രീകളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരാളെ വടകര ജില്ലാ ആശുപത്രിയിലും മറ്റ് ഏഴ് പേരെ നാദാപുരം ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.







