തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വാഹനങ്ങളിൽ എത്തിയ സംഘം വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് പ്രദേശത്ത് വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായത്. മൂന്ന് വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാറിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത് എന്നാണ് വിവരം. നിരവധി തവണ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടുകൾക്ക് മുൻപിൽ നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴി ശേഖരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
Discussion about this post