അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് 5 ലക്ഷം ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. അതിന്റെ ഭാഗമായി 45 പ്രവിശ്യകളിൽ നിന്നുള്ള പൂജാരികൾക്ക് നവംബർ 5 ന് ‘പൂജിത് അക്ഷത്’ വിതരണംചെയ്യുമെന്നും ട്രസ്റ്റ് അറിയിച്ചു. പൂജാവേളകളിൽ ദേവന്മാർക്ക് സമർപ്പിക്കുന്ന വേവിക്കാത്ത അരിയാണ് ‘അക്ഷത്’.

ജനുവരി 22ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ സ്ഥാപിക്കും.പ്രതിഷ്ഠാ ചടങ്ങിൽ രാം ലല്ലയ്ക്ക് മുന്നിൽ അക്ഷത് പൂജ നടത്തുമെന്നും ട്രസ്റ്റ് അറിയിച്ചു.അയോധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന ക്ഷേത്രം ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠയുടെ തീയതി തീരുമാനിച്ചതെന്ന് രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
“വളരെ വികാര നിർഭരമായ നിമിഷമാണിത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അധികൃതർ എന്നെ ക്ഷണിച്ചിരിക്കുന്നു. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്“ പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ‘എക്‌സിൽ’ കുറിച്ചു. അടുത്തവർഷം ജനുവരി 22-ന് അയോധ്യയിലെ ശ്രീരാമജന്മഭൂമി മന്ദിറിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ 4000 സന്യാസിമാരും 2500 പ്രമുഖ വ്യക്തികളും പങ്കാളികളാകും.








