വാഷിംഗ്ടൺ: പന്നിയുടെ ഹൃദയം സ്വീകരിച്ച ലോകത്തെ രണ്ടാമത്തെയാൾ മരണത്തിന് കീഴടങ്ങി. ലോറൻസ് ഫോസെറ്റ് എന്ന 58 കാരനാണ് മരിച്ചത്. ഈ കഴിഞ്ഞ സെപ്തംബർ 20 നാണ് ഗുരുതര ഹൃദ്രോഗബാധിതനായിരുന്ന ലോറൻസിന് പന്നിയുടെ ഹൃദയം വച്ച് പിടിപ്പിക്കുന്നത്. ആറാഴ്ചയ്ക്ക് ശേഷമാണ് മരണം.
ഹൃദയം മാറ്റിവച്ച ശേഷം ആരോഗ്യനില മെച്ചപ്പെട്ട ലോറൻസ് ഫിസിക്കൽ തെറാപ്പി ചെയയ്ുകയും കുടുംബത്തോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. പുതിയ ഹൃദയത്തെ ശരീരം തിരസ്‌കരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് അദ്ദേഹത്തിലുണ്ടായത്. മനുഷ്യഹൃദയം മാറ്റിവയ്ക്കുമ്പോഴും ഇതേ വെല്ലുവിളി ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ഗുരുതരമായ ഹൃദ്രോഗവും മറ്റ് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളുമുള്ള ഫോസറ്റിന് മനുഷ്യദാതാവിന്റെ അവയവങ്ങൾ മാറ്റിവെക്കുക സാധ്യമായിരുന്നില്ല. മറ്റ് വഴികളെല്ലാം അടഞ്ഞതിനെത്തുടർന്നാണ് ഇദ്ദേഹത്തിന് പന്നിയുടെ ഹൃദയം മാറ്റിവെക്കാൻ തീരുമാനിച്ചത്.
തന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പഠിച്ച കാര്യങ്ങൾ ലോകത്തിനായി പരമാവധി ഉപയോഗപ്പെടുത്തണമെന്നായിരുന്നു ലോറൻസിന്റെ അവസാനത്തെ ആഗ്രഹം. അങ്ങനെ ചെയ്താൽ മനുഷ്യരിൽ നിന്ന് ഹൃദയം ലഭിക്കാത്ത സാഹചര്യങ്ങളിലും രോഗികൾക്ക് പുതിയ ഹൃദയം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.തനിക്ക് ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാനായാൽ അതൊരു അത്ഭുതമാണെന്നും ഒരു വർഷത്തിലധികമോ മാസങ്ങളോ താൻ ജീവിച്ചിരുന്നാൽ അത് മറ്റൊരു അത്ഭുതം ആകുമെന്നും ശസ്ത്രക്രിയക്ക് മുമ്പ് ഫോസെറ്റ് പറഞ്ഞിരുന്നു.
മെറിലാൻഡ് സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിനിൽ തന്നെയാണ് ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചത്. ഡേവിഡ് ബെന്നറ്റ് എന്ന 57-കാരനിലാണ് ആദ്യമായി പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുമാസം കഴിഞ്ഞാണ് ബെന്നെറ്റ് മരിച്ചത്.
പലവിധ കാരണങ്ങൾക്കൊണ്ടാണ് ആദ്യമായി പന്നിയുടെ ഹൃദയം മാറ്റിവെച്ച ബെന്നറ്റ് മരണപ്പെട്ടത്. പന്നികളിൽ കണ്ടുവരുന്ന വൈറസിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ മാറ്റിവെച്ച ഹൃദയത്തിൽ കണ്ടെത്തിയിരുന്നു. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റിവെക്കുന്നതിനും ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന അവയവങ്ങൾ മനുഷ്യശരീരം നിരസിക്കാതിരിക്കാനുമായി ജീൻ എഡിറ്റിങ്, ക്ലോണിങ് സാങ്കേതികവിദ്യ ഉൾപ്പടെയുള്ള വലിയ പരീക്ഷണങ്ങൾ അടുത്തകാലത്ത് നടത്തി വരുന്നുണ്ട്.










