കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കാണിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് ധനസ്ഥിതി മോശമാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയത്. നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്റെ സത്യവാങ്മൂലമെന്ന് വിമർശിച്ച കോടതി, സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്നും ചോദിച്ചു. അത്തരമൊരു അവസ്ഥ സംസ്ഥാനത്ത് ഉണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിയ്ക്കുണ്ടെന്നും കോടതി ഒർമിപ്പിച്ചു.
സർക്കാരിന്റെ ഗ്യാരന്റിയിലാണ് കെടിഡിഎഫ്സിയിൽ ആളുകൾ പണം നിക്ഷേപിച്ചത്. എന്നാൽ, കെടിഡിഎഫ്സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ല എന്നാണ് സർക്കാരിന്റെ നിലപാട്. ഇങ്ങനെയെങ്കിൽ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആര് തയ്യാറാകുമെന്നും കോടതി ചോദിച്ചു. ഈ സത്യവാങ്മൂലം വെച്ചായിരിക്കും സർക്കാരിന്റെ നിലവിലെ സ്ഥിവിശേഷങ്ങൾ കേരളത്തിനു പുറത്ത് വിലയിരുത്തപ്പെടുക. അതുകൊണ്ട് തന്നെ സത്യവാങ്മൂലം മാറ്റിസമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ പണം സർക്കാർതന്നെ മടക്കി നൽകണമെന്നാണ് കെടിഡിഎഫ്സിയുടെ ആവശ്യം. കെഎസ്ആർടിസി വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കെ.ടിഡിഎഫ്സി നഷ്ടത്തിലായി. 2021-22 മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയതോടെ വരുമാനവും ഇല്ലാതാവുകയായിരുന്നു.
Discussion about this post