ഗുവാഹട്ടി : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ നൽകാനൊരുങ്ങി അസം സർക്കാർ. മികച്ച മാർക്കുകൾ വാങ്ങിയ 35,775 വിദ്യാർത്ഥികൾക്കാണ് ഡോ. ബനികാന്ത കാകതി അവാർഡ് സ്കീമിന് കീഴിൽ സ്ക്കൂട്ടർ സമ്മാനമായി നൽകുക.
അസം ഹയർസെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ (എഎച്ച്‌എസ്‌ഇസി) നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും നേടിയ 5566 ആൺകുട്ടികൾക്കും 60 ശതമാനവും അതിൽ കൂടുതലും നേടിയ 30209 പെൺകുട്ടികൾക്കും പദ്ധതി പ്രകാരം സ്‌കൂട്ടറുകൾ നൽകും.. ബുധനാഴ്ച ഗുവാഹട്ടിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നംവബംർ 30ന് നടത്തുന്ന പരിപാടിയിലാണ് സ്ക്കൂട്ടർ വിതരണം.
’12-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ 35775 വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്‌കൂട്ടറുകൾ നൽകും. സ്‌കൂട്ടർ വിതരണ പരിപാടി നവംബർ 30ന് ആയിരിക്കും നടക്കുക’- ക്യാബിനറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അസം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ഇതിനുപുറമെ, സെബ നടത്തിയ എച്ച്എസ്എൽസി പരീക്ഷയിൽ 75 ശതമാനവും അതിനുമുകളിലും മാർക്ക് നേടിയ 27183 വിദ്യാർത്ഥികൾക്ക് നവംബർ 29ന് നടക്കുന്ന ചടങ്ങിൽ അനുദോരം ബൊറൂഹ് അവാർഡ് പദ്ധതി പ്രകാരം 15,000 രൂപ നൽകും.
ഭൂട്ടാൻ റോയൽ ഗവൺമെന്റിനായി മൂന്ന് എംബിബിഎസ് സീറ്റുകളും നാൽബാരി മെഡിക്കൽ കോളേജിന് രണ്ട് സീറ്റുകളും ബാർപേട്ടയിലെ എഫ്എഎംസിയിൽ ഒരു സീറ്റും അധികമായി സംവരണം ചെയ്യാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
Discussion about this post