ന്യൂഡൽഹി: ഡൽഹിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവ ഡോക്യുമെന്‍ററി സംവിധായകന് ദാരുണാന്ത്യം. 30കാരനായ പീയുഷ് പാല്‍ ആണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം. പീയുഷിന്‍റെ ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി പീയുഷിനെ റോഡിലൂടെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രക്തത്തിൽ കുളിച്ചുകിടന്ന പീയുഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ലെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. പലരും ചുറ്റും കൂടുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. 20 മിനിട്ടോളം റോഡരികില്‍ കിടന്ന ശേഷമാണ് പീയുഷിനെ ആശുപത്രിയില്‍ എത്തിച്ചത്. പീയുഷിന്‍റെ മൊബൈല്‍ ഫോണും ഗോ പ്രോ ക്യാമറയും മോഷ്ടിക്കപ്പെട്ടെന്നും സുഹൃത്ത് പറഞ്ഞു.
‘രാത്രി 10 മണി വരെ പീയുഷിന്റെ മൊബൈൽ ഫോൺ അടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്വിച്ച് ഓഫാണ്. അവന്‍ ജോലിക്കായി ഉപയോഗിച്ചിരുന്ന ഒരു ഗോ പ്രോ ക്യാമറയും കാണാനില്ല. ഞങ്ങൾക്ക് നഷ്ടപരിഹാരമല്ല വേണ്ടത്. ഞങ്ങൾക്ക് നീതി വേണം’- സുഹൃത്ത് പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ബണ്ടി എന്ന ബൈക്ക് റൈഡർക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. ഗുരുഗ്രാമിൽ സ്വതന്ത്ര ഫിലിം മേക്കറായി ജോലി ചെയ്തിരുന്ന പീയുഷ് പാൽ തെക്കൻ ഡൽഹിയിലെ കൽക്കാജിയിലാണ് താമസിച്ചിരുന്നത്.








