തിരുവനന്തപുരം : കേരളത്തിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 പേരാണ് എലിപ്പനി ബാധിച്ചു മരണപ്പെട്ടത്. ഈ വർഷം ഇതുവരെയായി 220 പേർ എലിപ്പനി മൂലം മരണപ്പെട്ടിട്ടുമുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലാണ് എലിപ്പനി കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലിനജലങ്ങളിൽ ഇറങ്ങുന്നവർ പ്രതിരോധ മരുന്നുകൾ കഴിച്ചിരിക്കണം എന്നും നിർദ്ദേശമുണ്ട്. എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം കലർന്ന വെള്ളത്തിൽ നിന്നുമാണ് എലിപ്പനി കൂടുതലായി പകരുന്നത്.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണം. പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാകുന്നതാണ്. പേശിവേദന, കഠിനമായ തലവേദന, കണ്ണിന് ചുവപ്പ് നിറം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ചിലർക്ക് വയറിളക്കം, വയറുവേദന, ഛർദ്ദി, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post