2012 ലണ്ടൻ പാരാലിമ്പിക്‌സിന്റെ അമ്പെയ്ത്ത് ഇനത്തിൽ അമേരിക്കൻ പാരാ അത്‌ലറ്റ് മാറ്റ് സ്‌ട്രട്ട്‌സ്മാൻ തന്റെ കാലുകൾ കൊണ്ട് അമ്പുകൾ എയ്തുകൊണ്ട് ലോകത്തെ മുഴുവൻ അമ്പരപ്പിക്കുമ്പോൾ കശ്മീർ സ്വദേശിനിയായ ശീതൾ ദേവി എന്ന പെൺകുട്ടിക്ക് വെറും അഞ്ചു വയസ്സായിരുന്നു പ്രായം. ജന്മനാ തന്നെ കൈകൾ ഇല്ലാതെ വൈകല്യത്തോടെ പിറന്നുവീണ കുട്ടിയായിരുന്നു ശീതൾ ദേവി. പക്ഷേ തന്റെ വൈകല്യത്തിൽ ദുഃഖിച്ചിരിക്കാനൊന്നും അവൾ തയ്യാറായിരുന്നില്ല. മറ്റു കുട്ടികളോടൊപ്പം ഓടിച്ചാടി നടന്നു. കാലുകൾ മാത്രം ഉപയോഗിച്ചുള്ള മരം കയറ്റം ആയിരുന്നു അവളുടെ പ്രധാന വിനോദം. പക്ഷേ ആ മരം കയറ്റം വെറുതെയായില്ല അത് അവളുടെ ശരീരത്തിന് ഉറപ്പും ബലവും നൽകുന്ന ഒരു വ്യായാമമായി മാറി.

ജമ്മു കശ്മീരിലെ കിഷ്ത്വറിലെ ലോയിധർ ഗ്രാമത്തിൽ ആണ് ശീതൾ ദേവി ജനിച്ചു വളർന്നത്. കുട്ടിക്കാലത്തെ അവളുടെ കായിക കഴിവുകൾ കണ്ട് പ്രോത്സാഹനം നൽകിയത് ഇന്ത്യൻ സൈന്യമാണ്. കാലുകൾ കൊണ്ട് അമ്പെയ്യുന്ന സ്‌ട്രട്‌സ്‌മാന്റെ കഴിവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തന്റെ വഴി അതാണെന്ന് ശീതൾ ദേവി ഉറപ്പിച്ചു. വൈകാതെ തന്നെ ഇന്ത്യൻ സൈന്യം അവളെ ദത്തെടുത്തു. അവൾക്ക് പരിശീലനത്തിനായുള്ള എല്ലാ സൗകര്യങ്ങളും നൽകുകയും ചെയ്തു. ശീതളിന്റെ അമ്പെയ്ത്തിലെ പ്രാവീണ്യം കണ്ട് അവൾക്ക് കൃത്രിമ കൈകൾ ഘടിപ്പിക്കാനായി സൈന്യം ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. പക്ഷേ അതുകൊണ്ടും ശീതൾ ദേവി തളർന്നില്ല.

ദൃഢനിശ്ചയത്തോടെ ശീതൾ ദേവി പരിശീലനം തുടർന്നു വന്നു. കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഷ്‌റൈൻ ബോർഡ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആയിരുന്നു ശീതളിന്റെ പരിശീലനം. അവളുടെ പരിശീലകരായ അഭിലാഷ ചൗധരിയും കുൽദീപ് വേദ്‌വാനും സ്‌ട്രട്‌സ്‌മാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അതുപോലൊരു ഉപകരണം നിർമ്മിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു റിലീസറിനെ ഷോൾഡർ റിലീസറായി പരിഷ്‌ക്കരിച്ചെടുക്കുകയും താടിയിലും വായിലും ഉറപ്പിച്ചുകൊണ്ട് ട്രിഗർ വലിക്കുന്നതിനും അമ്പ് എയ്യുന്നതിനുള്ള ഒരു സ്ട്രിംഗ് സംവിധാനം രൂപപ്പെടുത്തുകയും ചെയ്തു.

കൃത്യമായ പരിശീലനം ആണ് ശീതൾ ദേവിയെ മുന്നോട്ട് നയിച്ചത്. അതിനായി അവൾ ഏറെ കഠിനാധ്വാനം ചെയ്തു. ഓരോ ദിവസവും അവൾ എയ്യുന്ന അമ്പുകളുടെ എണ്ണം കൂടി കൂടി വന്നു. ഒരു ദിവസം 50 എന്നുള്ളതിൽ നിന്ന് ഒരു ദിവസം 300 എന്ന നിലയിലേക്ക് വലിയ വളർച്ച അവൾ കൈവരിച്ചു. ആറുമാസത്തെ പരിശീലനത്തിന് ശേഷം, സോനെപത്തിലെ പാരാ ഓപ്പൺ നാഷണൽസിൽ അവൾ വെള്ളി മെഡൽ നേടി. തുടർന്ന് ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകളും രണ്ടാം സ്ഥാനവും നേടി. ആ വലിയ നേട്ടം കൈവരിച്ചതോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ അവളെ അഭിനന്ദിക്കാനായി നേരിട്ട് എത്തി. ശീതൾ ദേവിയുടെ ദൃഢനിശ്ചയത്തെയും കഠിന പരിശ്രമത്തെയും പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ അവൾക്ക് പുതിയ നേട്ടങ്ങൾ കൊയ്യാനുള്ള വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. ഇനിയും ഒരുപാട് മെഡലുകൾ തന്റെ രാജ്യത്തിന് വേണ്ടി നേടാനായി ആ 16കാരി മുന്നോട്ടുള്ള യാത്ര തുടരുകയാണ്.









