ന്യൂഡൽഹി: വെള്ളിയാഴ്ച്ചയും ഡൽഹിയിലെ വായു മലിനീകരണ തോത് അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുകയെന്നത് അത്ര എളുപ്പമായ കാര്യമല്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ഇന്ന് രാവിലെ 9 മണിക്ക് എക്യുഐ 471 ലാണ് മലിനീകരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്.
അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുക, ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ കാറുകൾ തുടങ്ങിയ വാഹനങ്ങൾ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള നിരവധി അടിയന്തര നടപടികൾ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ വർഷവും നവംബർ ആദ്യവാരത്തിലേക്കെത്തുമ്പോൾ ഡൽഹി ഇത്തരത്തിലുള്ള അടിയന്തരാവസ്ഥയിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘ഡൽഹിയിലെ മലിനീകരണം ഡൽഹിയിൽ നിന്നല്ല. ഡൽഹിക്ക് പുറത്തുള്ള മലിനീകരണ സ്രോതസ്സുകൾ ഡൽഹിയുടെ മലിനീകരണം ഇരട്ടിയാക്കുന്നു. ഡൽഹി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
ഡൽഹിയിലെ വായുമലിനീകരണം സുസ്ഥിരമായി നിയന്ത്രിക്കുന്നതിൽ ക്രിയാത്മക നടപടികൾ ആവിഷ്‌കരിക്കുന്നതിൽ കെജ്രിവാൾ സർക്കാർ പരാജയമാണെന്ന വിമർശനം ശക്തമായിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം. ആവശ്യമായ സംവിധാനങ്ങൾ നടപ്പാക്കാൻ സർക്കാർ കാലതാമസം വരുത്തില്ലെന്ന് മന്ത്രി പറഞ്ഞു. ‘എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനു (സിഎക്യുഎം) ആവശ്യമായ നടപടികൾ നടപ്പാക്കാനുള്ള അധികാരം സുപ്രീം കോടതി നൽകിയിട്ടുണ്ട്. അവരുടെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ ഞങ്ങൾ നീങ്ങുന്നുണ്ട്. സ്ഥിതിഗതികൾ വളരെ ഗുരുതരമാകുകയാണെങ്കിൽ, അത് ചർച്ച ചെയ്ത ശേഷം ഞങ്ങൾ തുടർ തീരുമാനങ്ങൾ എടുക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post