ബംഗളൂരു :കർണാടകയിൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഐ ടി മന്ത്രി പ്രിയാങ്ക് ഖാർഗെ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയാങ്ക് ഖാർഗെ.സിദ്ധരാമയ്യ സർക്കാരിനെതിരെ വിവിധ തലങ്ങളിൽ നിന്ന് അതൃപ്തി ഉയരുന്നതിനിടെയാണ് പ്രിയാങ്ക് ഖാർഗെയുടെ വാക്കുകൾ.
കോൺഗ്രസ് മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വന്നിട്ടുളള വീഴ്ചകൾ പാർട്ടി പ്രവർത്തകരിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്ത തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനെതിരെ ബസ് ഉടമകളും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ തർക്കം രൂക്ഷമായിരിക്കെ ബദൽനാമം എന്ന നിലയിൽ പ്രിയാങ്ക് ഖാർഗെയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ല.
അഞ്ച് വർഷം മുഴുവൻ താൻ അധികാരത്തിൽ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടര വർഷത്തിന് ശേഷം നേതൃമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസിനുള്ളിലെ ഒരുവിഭാഗത്തിനുള്ളിൽ ഊഹാപോഹങ്ങൾ ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം ഉണ്ടായത്.
തിരഞ്ഞെടുപ്പിന് ശേഷം ഈ വർഷം മെയ് 20 നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.
Discussion about this post