എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബ്നയുടെ സംസ്കാരം നാളെ നടത്തും. അഞ്ചുദിവസത്തിലേറെ കളമശ്ശേരി ആശുപത്രിയിലെ മോർച്ചറിയിൽ ലിബ്ന കാത്തു കിടന്നത് വെറുതെയാവുകയാണ്. കുട്ടിയുടെ മൃതശരീരം അമ്മയ്ക്കും സഹോദരനും കാണുന്നതിനു വേണ്ടിയാണ് അഞ്ചുദിവസമായി കാത്തിരുന്നിരുന്നത്.
കളമശ്ശേരിയിൽ സ്ഫോടനം നടന്ന അന്ന് രാത്രി തന്നെ ലിബ്ന മരണപ്പെട്ടിരുന്നു. 12 കാരിയായ ഈ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും സ്ഫോടനത്തിൽ കാര്യമായി തന്നെ പരിക്കേറ്റിരുന്നു. സംസ്കരിക്കുന്നതിന് മുമ്പ് കുട്ടിയെ അമ്മയ്ക്കും സഹോദരനും ഒരു നോക്ക് കാണുന്നതിനുള്ള അവസരം ഉണ്ടാകണമെന്ന് കുട്ടിയുടെ പിതാവ് തീവ്രമായി ആഗ്രഹിച്ചിരുന്നു . അതിനാലാണ് കഴിഞ്ഞ അഞ്ചുദിവസമായി കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.
ലിബ്നയുടെ അമ്മയ്ക്കും സഹോദരനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഞ്ചുദിവസത്തിനു ശേഷവും ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റുവാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് ഇനിയും കാത്തിരിക്കാതെ ലിബ്നയുടെ സംസ്കാരം നടത്താം എന്ന് തീരുമാനിക്കുന്നത്. ശനിയാഴ്ച നാലുമണിക്ക് കൊരട്ടി സെമിത്തേരിയിൽ ആയിരിക്കും ലിബ്നയുടെ സംസ്കാരം നടക്കുക.
Discussion about this post