ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. വിവാഹിതരായതിന്റെ മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മാരിസെല്‍വം(24),കാര്‍ത്തിക(20) ദമ്പതികളാണ് കൊല്ലപ്പെട്ടത്. നവവധുവിന്റെ പിതാവ് തന്നെയാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കാർത്തികയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു മാരിസെൽവവും കാർത്തികയും. ഇരുവരും ഒരേ ജാതിയിൽ പെട്ടവരായിരുന്നെങ്കിലും മാരിവത്തിന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരുന്നു. ഈ കാരണത്താൽ കാർത്തികയുടെ പിതാവ് ഈ ബന്ധത്തെ ശക്തമായി എതിർത്തു.
ഇക്കഴിഞ്ഞ ഒക്ടോബർ 31ന് കാർത്തിക മാരിസൽവത്തോടൊപ്പം ഇറങ്ങിവരികയും ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് മാരിസെൽവത്തിന്റെ വീട്ടിലായിരുന്നു ഈ ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം സന്ധ്യയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘമാണ് കൊലപാതകം നടത്തിയത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കാർത്തികയുടെ പിതാവാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post