കാസർകോട്: സംസ്ഥാന പാതയിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയിൽ ആണ് അപകടം നടന്നത്. കൊവ്വൽപ്പള്ളി കലയറ സ്വദേശി നിതീഷ് (40) ആണ് മരിച്ചത്.
കുഴിയിലെ വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാവിലെ ഇതുവഴി പോയ യാത്രക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തിൽ കുഴിയിൽ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നതിനെ കുറിച്ച് വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post