ടെൽ അവീവ് : ഗാസയിൽ അണുബോംബ് വർഷിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ അത് സാധ്യതകളിൽ ഒന്നാണ്’ എന്ന് ഇസ്രായേൽ പൈതൃക മന്ത്രി അമിഹായ് എലിയാഹു. എന്നാൽ മന്ത്രിയുടെ ഈ പ്രസ്താവനയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി അപലപിച്ചു. ഇസ്രായേൽ അത്തരത്തിൽ നിരപരാധികളെ കൂടി കൊല്ലില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
“മന്ത്രി അമിഹായ് എലിയാഹുവിന്റെ പ്രസ്താവനകൾ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. നിരപരാധികളെ ദ്രോഹിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇസ്രായേലും ഐഡിഎഫും പ്രവർത്തിക്കുന്നത്. ഞങ്ങളുടെ വിജയം വരെ ഞങ്ങൾ അത് തുടരും, ” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
റേഡിയോ കോൾ ബെറാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് എലിയാഹു ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തിയത്. തീവ്രവലതുപക്ഷ പാർട്ടി അംഗമായ എലിയാഹു യുദ്ധകാല തീരുമാനങ്ങൾ എടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ കാബിനറ്റിന്റെ ഭാഗമല്ല എന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഹമാസ് ഭീകരസംഘടനയ്‌ക്കെതിരായ യുദ്ധത്തിന് നേതൃത്വം നൽകുന്ന യുദ്ധ കാബിനറ്റിനും എലിയാഹുവിനും യാതൊരു ബന്ധവും ഇല്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post