കാഠ്മണ്ഡു: നേപ്പാളിലേക്ക് 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ. ടെന്റുകൾ, പുതപ്പുകൾ, ടാർപോളിൻ ഷീറ്റുകൾ, അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സേവനങ്ങളാണ് അടിയന്തര സഹായത്തിന്റെ ആദ്യപടിയെന്നോണം ഇന്ത്യ നേപ്പാളിനായി നൽകിയിരിക്കുന്നത്. അടിയന്തര ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ശേഖരവുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സി-130 വിമാനം ഞായറാഴ്ച നേപ്പാളിൽ എത്തിയതായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.
കർണാലി മുഖ്യമന്ത്രി രാജ് കുമാർ ശർമ്മയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ, നേപ്പാൾ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പൂർണ ബഹദൂർ ഖഡ്കയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. നേപ്പാളിൽ വെള്ളിയാഴ്ച രാത്രി 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157 പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “ഒരു ഉറ്റ സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ, നേപ്പാളിലെ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” ഇന്ത്യൻ ഗവണ്മെന്റ് വക്താവ് വ്യക്തമാക്കി.
2015 ലെ നേപ്പാളിലെ ഭൂകമ്പത്തെത്തുടർന്ന്, ഇന്ത്യ – ഓപ്പറേഷൻ മൈത്രി എന്ന പേരിൽ രാജ്യത്തിന് അടിയന്തിര സഹായം ഏർപ്പെടുത്തിയിരുന്നു. ഭൂകമ്പത്തിനു ശേഷമുള്ള ഭവന, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പൈതൃക മേഖലകളിലെ പുനർനിർമ്മാണത്തിനുള്ള ദീർഘകാല സഹായത്തിന്റെ ഭാഗമായി ഇന്ത്യ 1 ബില്യൺ യുഎസ് ഡോളർ നേപ്പാളിന് നൽകിയിരുന്നു. കൂടാതെ നേപ്പാളിലെ ഗോർഖ, നുവാക്കോട്ട് ജില്ലകളിൽ 50,000 വീടുകളുടെ പുനർനിർമ്മാണത്തിലും ഇന്ത്യ പങ്കാളിത്തം വഹിച്ചിരുന്നു.
Discussion about this post