ചണ്ഡീഗഡ്: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്രയൊരുക്കി ഹരിയാന സർക്കാർ. ഛത്ര പരിവാഹൻ സുരക്ഷ എന്ന പേരിലാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിലേക്ക് ബസുകളിൽ സൗജന്യ യാത്ര.
പൊതുജന സമ്പർക്ക പരിപാടിയായ ജൻ സംവാദിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ രത്‌നഗഡ് ജില്ലയിൽ എത്തിയിരുന്നു. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പുതിയ പദ്ധതി പ്രഖ്യാപനം. ഗ്രാമ പ്രദേശങ്ങളിൽ നിന്നും ദീർഘദൂരം സഞ്ചരിച്ചാണ് വിദ്യാർത്ഥികൾ പ്രത്യേകിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂൡ എത്തുന്നത്. ഇത് കണക്കിലെടുത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
അഞ്ച് മുതൽ 10ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്ര നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആവശ്യമായ സഹായങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി പ്രത്യേകം ബസ് സർവ്വീസുകൾ ഉൾപ്പെടെ ഏർപ്പെടുത്തും.
ഓരോ ജില്ലകളിലെയും വിദ്യാർത്ഥികളുടെ ചിലവ് ഏറ്റെടുക്കേണ്ടത് അതാത് ജില്ലാ ഭരണകൂടങ്ങളാണ്. ഇതു സംബന്ധിച്ചും മുഖ്യമന്ത്രി നിർദ്ദേശം നൽകും. യാത്രാ ദുരിതം കാരണം ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് പരിഹരിക്കുകയാണ് സൗജന്യയാത്ര ഒരുക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.








