എറണാകുളം: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്.
ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഫോണിന്റെ വിശദമായ പരിശോധനക്കൊടുവിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താനാവുമെന്ന് കേസന്വേഷിക്കുന്ന പനങ്ങാട് പോലീസ് പറയുന്നു.
രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ആത്മഹത്യ ചെയ്യാൻ മാത്രം രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടർന്ന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് രാഹുലിനെ വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് വ്ലോഗർ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ രാഹുൽ സമൂഹ മാദ്ധ്യമത്തിൽ സജീവമായിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചുള്ള വീഡിയോ ആണ് അവസാനമായി രാഹുൽ ചെയ്തത്.
Discussion about this post