ലോക പ്രശസ്ത യാത്രാ മാസികയായ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ 2024-ൽ സന്ദർശിക്കേണ്ട ലോകത്തിലെ ഏറ്റവും മികച്ച 30 സ്ഥലങ്ങൾ പ്രഖ്യാപിച്ചു.യൂറോപ്പിൽ നിന്നുമുള്ള സ്ഥലങ്ങളാണ് ഈ പട്ടികയിൽ പകുതിയിലധികവും .അതേസമയം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമും പട്ടികയിൽ ഇടം പിടിച്ചത് രാജ്യത്തിന് അഭിനന്ദാർഹമായ നേട്ടമായി മാറി. നാഷണൽ ജിയോഗ്രാഫിക് സിക്കിമിനെ ഹിമാലയൻ ബയോം എന്ന് വിശേഷിപ്പിക്കുന്നു. ലോക ടൂറിസം രംഗത്തുതന്നെ അധികം ശ്രദ്ധ നേടാത്ത ഹിമാലയത്തിന്റെ ജീവിത ഭംഗിയായാണ് സിക്കിമിനെ മാസിക അടയാളപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിം ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശം കൂടിയാണ് . രാജ്യത്തിൻറെ സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ സിക്കിം വളരെ വ്യത്യസ്തവുമായ സഞ്ചാരനുഭവങ്ങൾക്ക് വേദിയാകുന്നു.ഹിമാലയത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം സിക്കിം യാത്ര ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത അനുഭവമായിരിക്കും.
അടുത്തിടെയാണ് സിക്കിം രാജ്യത്തെ ആദ്യത്തെ ജൈവ സംസ്ഥാനമായി മാറിയത്. വലിയൊരു ശതമാനം ജൈവകൃഷിയും സുസ്ഥിരമായ ജീവിതശൈലിയും സ്വീകരിച്ചതിനാൽ ഈ സംസ്ഥാനം രാജ്യത്തിന് ഒരു അത്ഭുതമായി മാറിയിരിക്കുന്നു.
കൂടാതെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ശുചിത്വപൂർണ്ണ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിം. പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിച്ചിരിക്കുന്ന ഈ സംസ്ഥാനത്തെ ഭൂപടത്തിൽ വടക്കൻ സിക്കിം, ദക്ഷിണ സിക്കിം, പശ്ചിമ സിക്കിം എന്നിങ്ങനെ പ്രത്യേകം തിരിച്ചിരിക്കുന്നു.
Discussion about this post