ന്യൂഡൽഹി: ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിൽ നിർമാണ സ്ഥലത്തെ കുഴിയിൽ വീണ് 32കാരന് ഗുരുതരമായി പരിക്കേറ്റു. ഗാന്ധി നഗർ സ്വദേശിയായ സയ്ദ് കമലിനാണ് പരിക്കേറ്റത്. കുഴിയിലെ ഇരുമ്പ് ദണ്ഡ് യാത്രക്കാരന്റെ വയറ്റിൽ തുളച്ചുകയറിയതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു. സഹരൻപൂർ ഹൈവേ നിർമ്മാണ സ്ഥലത്തിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. അപകടത്തിൽപ്പെട്ട യാതക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച വൈകുന്നേരം 7.21ന് , ഹൈവേ തൂണിന്റെ നിർമ്മാണത്തിനായെടുത്ത കുഴിയിൽ ഒരാൾ വീണുകിടക്കുന്നതായും ശരീരത്തിൽ ഇരുമ്പ് കമ്പി കയറിയതായും വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നെന്ന് ” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വടക്കു-കിഴക്ക്) ജോയ് ടിർക്കി പറഞ്ഞു. തുടർന്ന് ഇരുമ്പ് കമ്പിയുടെ ഒരു ഭാഗം മുറിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുമ്പു കമ്പി നീക്കം ചെയ്തതായും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിസിപി പറഞ്ഞു.
“ഞങ്ങൾ കരാറുകാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്; ” പോലീസ് അറിയിച്ചു.
Discussion about this post