ലക്നൌ: റേവ് പാർട്ടികളിൽ പാമ്പിൻ വിഷം പിടികൂടിയ സംഭവത്തിൽ ബിഗ് ബോസ് ഒടിടി താരം ഏൽവിഷ് യാദവ് ചോദ്യം ചെയ്യലിന് ഹാജരായി. മൂന്ന് മണിക്കൂറോളമാണ് യാദവിനെ നോയിഡ പോലീസ് ചോദ്യം ചെയ്തത്. മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ രഹസ്യമായാണ് യാദവ് സെക്ടർ 20 പോലീസ് സ്റ്റേഷനിൽ എത്തിയത്.
നോയിഡയിലെ ഒരു റേവ് പാർട്ടിയിൽ നിന്ന് പാമ്പുകളും പാമ്പിന്റെ വിഷവും കണ്ടെടുത്തതിന് പിന്നാലെയാണ് യൂട്യൂബറും ബിഗ് ബോസ്സ് താരവുമായ യാദവിനെതിരേ പോലീസ് കേസെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എൽവിഷ് യാദവിന്റെ പേര് പുറത്ത് വന്നത്. യാദവ് സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ പാമ്പുകളെ വിതരണം ചെയ്തിരുന്നതായി അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, പാർട്ടിയിൽ നിന്നും പിടികൂടിയ അഞ്ചു പാമ്പുകളെ വനം വകുപ്പ് വൈദ്യ പരിശോധനക്ക് അയച്ചിരുന്നു. മൂർഖൻ പാമ്പിന്റെ വിഷഗ്രന്ധി പുറത്തെടുത്തതായും ബാക്കി നാല് പാമ്പുകൾക്ക് വിഷമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതി അനുമതിയോടെ പാമ്പുകളെ വനത്തിലേക്ക് തുറന്നുവിട്ടു.
എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് എൽവിഷ് യാദവ് പറയുന്നത്. കേസിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ യാദവ് പറയുന്നു. താൻ പോലീസുമായി പൂർണമായി സഹകരിക്കുമെന്നും ഏതെങ്കിലും ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും യാദവ് പറഞ്ഞു.








