ദിനംപ്രതി വളർന്നുവരുന്ന വ്യവസായമാണ് ഇന്ത്യയിലെ കാർ വിപണി. കേരളത്തിൽ പോലും 2023 കാർ വിൽപ്പനയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും റോഡുകളിൽ എല്ലാം എഐ ക്യാമറകൾ സ്ഥാപിച്ചതോടെ മാതാപിതാക്കൾക്ക് കുട്ടികളെയും കുട്ടിയും ബൈക്കുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതോടെ സാധാരണ കുടുംബങ്ങളിൽ പോലും ഒരു ചെറിയ കാർ എന്ന സ്വപ്നം ഉടലെടുത്തിട്ടുണ്ട്. അപ്പോൾ ഇന്ത്യയിൽ 2023 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വിൽപ്പന നടന്ന കാറുകൾ ഏതൊക്കെയാണെന്ന് അറിയാം.
കാർ വിൽപ്പനയിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി ഇന്ത്യൻ വിപണിയിൽ മാരുതി ആധിപത്യം തുടരുകയാണ്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി വാഗൺ ആർ ആണ്. 22,080 യൂണിറ്റ് വാഗൺ ആർ കാറുകളാണ് ഈ വർഷം വിൽപ്പന നടന്നിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവാണ് വാഗൺ ആറിന്റെ വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് മാരുതി സ്വിഫ്റ്റ് ആണ്. 20,598 സ്വിഫ്റ്റ് കാറുകളാണ് ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ വിറ്റഴിക്കപ്പെട്ടത്.
16,887 കാറുകളുടെ വില്പനയുമായി ടാറ്റ നെക്സൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന നെക്സ്ണും നെക്സ്ൺ ഇവിയും കൂടി ഉൾപ്പെട്ടതാണ് ഈ കണക്ക്. നാലാം സ്ഥാനത്തുള്ളത് മാരുതിയുടെ മറ്റൊരു വാഹനമാണ്. 16,594 കാറുകൾ വിറ്റഴിച്ചു കൊണ്ട് മാരുതി ബലേനോ നാലാം സ്ഥാനത്ത് എത്തി. പക്ഷേ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മാരുതി ബലേനോയുടെ വിൽപ്പന ഈ വർഷം കുറഞ്ഞിരിക്കുകയാണ്.
മാരുതിയുടെ ബ്രെസ്സ ആണ് ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ കാർ. 16,050 ബ്രെസ്സ ആണ് ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ വിറ്റത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 9,941 കാറുകൾ മാത്രം വിറ്റ ബ്രെസ്സ ഈ വർഷം വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്. 15,317 യൂണിറ്റ് കാറുകൾ വിറ്റുകൊണ്ട് ആറാം സ്ഥാനത്തുള്ളത് ടാറ്റ പഞ്ച് ആണ്. ടാറ്റ പഞ്ചിനും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5000 ത്തോളം കാറുകളുടെ കൂടുതൽ വില്പന ഈ വർഷം നടന്നിട്ടുണ്ട് .
വാഹന വില്പനയിലെ ഏഴും എട്ടും സ്ഥാനങ്ങൾ മാരുതി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. മാരുതിയുടെ ഡിസയർ ആണ് ഏഴാം സ്ഥാനത്തുള്ളത്. 14,699 വിറ്റ ഡിസയർ കഴിഞ്ഞവർഷത്തേക്കാൾ 2400 ഓളം കാറുകൾ കൂടുതൽ വില്പന നടത്തി. എട്ടാം സ്ഥാനത്തുള്ളത് മാരുതി എർട്ടിഗ ആണ്. 14,209 കാറുകൾ വിറ്റ എർട്ടിഗ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4,000ത്തോളം അധികം കാറുകളാണ് ഈ വർഷം വിറ്റത്.
2023ലെ കാർ വിപണിയിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത് മഹീന്ദ്ര സ്കോർപിയോ ആണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 7,438 കാറുകൾ മാത്രം വിറ്റ സ്കോർപിയോ ഈ വർഷം 13,578 കാറുകൾ വിറ്റഴിച്ച് വൻവർദ്ധനവാണ് കാഴ്ചവച്ചിട്ടുള്ളത്. സ്കോർപിയോ എൻ , സ്കോർപിയോ ക്ലാസിക് എസ്‌യുവി എന്നിവയുടെ വില്പന ഉൾപ്പെടുന്നതാണ് ഈ കണക്ക്.
2023 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ പത്താം സ്ഥാനത്തുള്ളത് ഹ്യുണ്ടായ് ക്രെറ്റ ആണ്. പട്ടികയിൽ പത്താമത് ആണെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പുരോഗതിയാണ് ഈ വർഷം ക്രെറ്റയുടെ വില്പനയിൽ നടന്നിട്ടുള്ളത്. 13,077 കാറുകളാണ് ഈ വർഷം ഹ്യുണ്ടായ് ക്രെറ്റ വിൽപ്പന നടത്തിയത്. കഴിഞ്ഞവർഷം 11,880 കാറുകൾ മാത്രമായിരുന്നു ക്രെറ്റ വില്പന നടത്തിയിരുന്നത്.
2023 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള 10 കാറുകളിൽ ആറെണ്ണവും മാരുതിയുടേതാണ്. ഇന്ത്യൻ കാർ വിപണിയിലെ മാരുതിയുടെ ആധിപത്യത്തിന് യാതൊരു മാറ്റവും ഇല്ലാതെയാണ് ഈ വർഷവും കടന്നു പോകുന്നത്.
Discussion about this post