ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. മഹുവ മൊയ്ത്ര ഐഡിയും പാസ്‌വേഡും അനധികൃത വ്യക്തികൾക്ക് കൈമാറിയതായും കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടർന്ന് മഹുവ മൊയ്ത്രയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നൽകി.
കരട് രേഖയിൽ പ്രതിപക്ഷ എംപിമാർ വിയോജിപ്പ് രേഖപ്പെടുത്തി. അന്വേഷണം നീതിപൂർണമല്ലെന്നാണ് പ്രതിപക്ഷ എംപിമാർ പറയുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ ദർശൻ ഹിരാനന്ദാനിയെ സമിതി വിളിച്ചുവരുത്തേണ്ടതായിരുന്നു എന്നും എംപിമാർ പറയുന്നു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറിയേക്കും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. 500 പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.
പാര്‍ലമെന്ററി ഡിജിറ്റല്‍ അക്കൗണ്ട് സൗകര്യം പ്രയോജനപ്പെടുത്താനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്പീക്കര്‍ അത് സഭയുടെ എത്തിക്‌സ് സമിതിക്ക് വിടുകയായിരുന്നു. 47 തവണ മഹുവയുടെ യൂസർ ഐഡിയും പാസ്വേഡും ദുബായിൽ നിന്നും ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ഐപി വിലാസവും ലൊക്കേഷനും സംബന്ധിച്ച് വിവരസാങ്കേതികവിദ്യ (ഐടി), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എന്നിവയിൽ നിന്ന് എത്തിക്‌സ് കമ്മിറ്റി വിശദമായ റിപ്പോർട്ടുകൾ തേടിയിരുന്നു.
നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്. എന്നാൽ, വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയി.
Discussion about this post