ബർമിംഗ്ഹാം; യുകെയിൽ ഹിന്ദു ദമ്പതികൾക്ക് നേരെ വംശീയ ആക്രമണം. ഹൈദരാബാദിൽ നിന്നുള്ള രമണാ നഗുമല്ലി, രാധികാ കുൽക്കർണി ദമ്പതികളാണ് നിരന്തരമായ വംശീയ ആക്രമണത്തിന് ഇരകളായത്. ഐടി ജീവനക്കാരാണ് ഇരുവരും. എട്ടുവയസ്സുള്ള മകളും ഇവരോടൊപ്പം താമസമുണ്ട്. യുകെയിലെ ബർമിംഗ്ഹാമിലാണ് സംഭവം.
പ്രദേശവാസികളായ ചെറുപ്പക്കാർ സ്ഥിരമായി ഇവരുടെ വീടിന് നേരെ ആക്രമണം നടത്തുന്നതായാണ് ദമ്പതികളുടെ പരാതി. വീടിനു കല്ലെറിഞ്ഞും, വാതിലിൽ ചവിട്ടിയും നിരന്തരം ഇവരെ ഭീഷണിപ്പെടുത്തുകയാണ്. പുറത്തിറങ്ങുമ്പോൾ ചുറ്റും കൂടി നിന്ന് അസഭ്യം പറയുന്നതും പതിവാണ്. ”ഒരിക്കൽ വഴിയിൽ വെച്ച് ഇവർ ഞങ്ങളെ തടഞ്ഞുനിർത്തുകയും, അസഭ്യം പറയുകയും ചെയ്തു. മകളുടെ കൈപിടിച്ച് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. നിന്നെ ഇടിച്ചു ചതച്ചുകളയുമെന്നായിരുന്നു അവരുടെ ഭീഷണി”.
പലതവണ പരാതിപ്പെട്ടിട്ടും പോലീസ് പ്രതികരിക്കുന്നില്ല എന്ന് കണ്ട ദമ്പതികൾ തെളിവായി അവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിരിക്കുകയാണ്. പതിനെട്ടുവയസ്സിനു താഴെയുള്ള ഒരു സംഘം വീടിൻറെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുന്നതും, വീടിനു മുൻപിൽ നിന്ന് കാഫിർ എന്നു വിളിച്ചു പറയുന്നതുമാണ് വീഡിയോയിലുള്ളത്.
”ഞങ്ങളുടെ വംശത്തെയും മതത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് ആക്രമണം നടക്കുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഇപ്പോൾ ഭയമാണ്”, രമണ നഗുമല്ലി ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേ സമയം ഇത് മതപരമായ ആക്രമണമാണെന്നതിന് വേണ്ടത്ര തെളിവുകളില്ലെന്നാണ് വെസ്റ്റ് മിഡ് ലാൻറ്സ് പോലീസ് പറയുന്നത് .ഇരകളായ കുടുംബത്തിനോടും സിസിടിവിയിലുള്ള ചെറുപ്പക്കാരോടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്യാതെ സംസാരിച്ച് തീർക്കുകയാണ് വേണ്ടതെന്നാണ് പോലീസിൻറെ അഭിപ്രായം. എന്നാൽ ഇരകളായ ദമ്പതികൾ കേസ് ഒതുക്കിതീർക്കാൻ തയ്യാറല്ലെന്ന് ബിബിസിയോട് അറിയിച്ചിട്ടുണ്ട്. വിദ്വേഷ ആക്രമണത്തിനെതിരായ വകുപ്പുകൾ കുറ്റക്കാർക്കെതിരെ ചുമത്തണമെന്നാണ് ഇവരുടെ ആവശ്യം.
യുകെയിലെ ബർമിംഗ്ഹാം ഉൾപ്പെടുന്ന വെസ്റ്റ് മിഡ് ലാൻറ്സ് പ്രദേശത്ത് വിദ്വേഷ ആക്രമണങ്ങൾ വർദ്ധിച്ചതായാണ് പോലീസ് കണക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആക്രമണങ്ങളിൽ 1,491% വർദ്ധനവ് ഉണ്ടായതായാണ് പോലീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത്തരം ആക്രമണങ്ങൾ പോലീസ് വേണ്ടത്ര ഗൌരവത്തിൽ എടുക്കുന്നില്ല. അതുകൊണ്ടാണ് ആക്രമണങ്ങൾ വർദ്ധിക്കുന്നതെന്നും രമണാ നഗുമല്ലി പറയുന്നു. ”ഞങ്ങൾക്ക് ഭയന്ന് ജീവിക്കാനാവില്ല. എല്ലാവർക്കും സമാധാനത്തോട് കൂടി ജീവിക്കണം. ഞങ്ങൾ കടന്നു പോയതുപോലെയുള്ള ഒരു ദുരിതത്തിലൂടെ വേറെ ആരു കടന്നുപോകാനിടവരരുത്”, അവർ ബിബിസിയോട് പറഞ്ഞു.
Discussion about this post