സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താനുള്ള നടപടികളുമായി ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ. ഈ കഴിഞ്ഞ ദിവസം പൊതുസഭയിൽ ഇത് സംബന്ധിച്ച കരട് ബിൽ അവതരിപ്പിച്ചു. ഇന്ത്യയ്ക്ക് പുറമെ ജോർജിയയെയും കൂടുതലായി പട്ടികയിൽ ഉൾപ്പെടുത്തും.
രാജ്യത്ത് കഴിയാൻ അവകാശമില്ലാത്തവരെ പുറത്താക്കാൻ പട്ടിക വിപുലപ്പെടുത്തുന്നത് സഹായിക്കും. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി.
രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്പ്രദായം ദുരുപയോഗിക്കുന്നത് തടയാനും നിയമം ഉപകരിക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിസ്ഥാനപരമായി സുരക്ഷിതമായ രാജ്യങ്ങളിൽനിന്ന് അപകടകരവും നിയമവിരുദ്ധവുമായ മാർഗങ്ങളിലൂടെ ആളുകൾ ബ്രിട്ടനിൽ അഭയം തേടുന്നത് അവസാനിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറഞ്ഞു.
യുകെ പൗരന്മാർക്ക് അപകടസാധ്യതയില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ യുകെയുടെ സുരക്ഷിത സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒരു രാജ്യത്തെ ചേർക്കാൻ കഴിയൂ. അൽബേനിയയും സ്വിറ്റ്സർലൻഡും യൂറോപ്യൻ യൂണിയൻ (ഇയു), യൂറോപ്യൻ ഇക്കണോമിക് ഏരിയ (ഇഇഎ) എന്നിവയുമാണ് യുകെ സുരക്ഷിതമെന്ന് കരുതുന്ന മറ്റ് രാജ്യങ്ങൾ.
Discussion about this post