കൊച്ചി: ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ അനുമതി തേടി ദമ്പതികള്‍ ഹൈക്കോടതിയിൽ. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഇതിനായി ഹൈക്കോടതിയെ സമീപിച്ചത്. ദത്തെടുത്ത കുട്ടി തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയിലെത്തിയത്.
പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. 2017ലുണ്ടായ ഒരു വാഹനാപകടത്തിലാണ് ദമ്പതികൾക്ക് സ്വന്തം മകൻ നഷ്ടമാകുന്നത്. ഇതിന് പിന്നാലെയാണ് ഇവർ പഞ്ചാബ് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നിഷ്കം സേവ ആശ്രമത്തിൽ നിന്ന് 12 വയസുള്ള കുട്ടിയെ ദത്തെടുത്തത്.
ഇപ്പോള്‍, കുട്ടി തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കുന്നില്ലെന്നും തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും ഇവർ പറയുന്നു. വേണ്ടതെല്ലാം നൽകിയിട്ടും കുട്ടി അകാരണമായി ദേഷ്യപ്പെടുന്നുവെന്നും തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്നും ആണ് ദമ്പതികളുടെ പരാതി. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും. പെണ്‍കുട്ടി നിലവിൽ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ്.
Discussion about this post