ശ്രീനഗർ: ജമ്മു കശ്മീരിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. ദാൽ തടാകത്തിന്റെ കരയിൽ നിർത്തിയിട്ട ബോട്ടുകളിലാണ് തീ പടർന്നത്. നിരവധി ബോട്ടുകൾ പൂർണമായും കത്തിനശിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഒൻപതാം നമ്പർ ഭാഗത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ബോട്ടുകളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു. ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ബോട്ടുകൾ പൂർണമായി കത്തി നശിച്ചിരുന്നു. അഞ്ചോളം ഹൗസ് ബോട്ടുകളാണ് കത്തിനശിച്ചത്. ഇതിന് പുറമേ ബോട്ടുകൾ നിർത്തുന്ന സ്ഥലത്തോട് ചേർന്ന് വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ച കുടിലുകളും കത്തി നശിച്ചു.
കോടികളുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് ബോട്ടുടമകൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടിക്കാൻ ഉണ്ടായ കാരണം വ്യക്തമായിട്ടില്ല. ഭീകരാക്രമണമാണെന്നും സംശയിക്കുന്നുണ്ട്.
Discussion about this post