തിരുവനന്തപുരം; സംസ്ഥാനത്ത് ഇനി വരുന്ന അഞ്ച് ദിവസം കൂടി മഴ തുടരും.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്നതിന്റെ ഫലമായി വരും മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണമെന്് മുന്നറിയിപ്പുണ്ട്.
Discussion about this post