കാസർഗോഡ് : അനന്തപുരം തടാക ക്ഷേത്രത്തിൽ വസിച്ചിരുന്ന മുതലയായ ബബിയ ഏറെ വാർത്താ പ്രാധാന്യം നേടിയ ജീവിയായിരുന്നു. ഒന്നരവർഷം മുമ്പാണ് ബബിയ ഇഹലോകവാസം വെടിഞ്ഞത് . ക്ഷേത്ര ജീവനക്കാരെയും ഭക്തരെയും കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ബബിയ വിട വാങ്ങിയത്. ഇപ്പോൾ ഒന്നരവർഷത്തിനുശേഷം മറ്റൊരു അതിശയകരമായ വാർത്തയാണ് അനന്തപുരം തടാക ക്ഷേത്രത്തിൽ നിന്നും പുറത്തു വരുന്നത്.
ക്ഷേത്രക്കുളത്തിൽ ഇപ്പോൾ വീണ്ടും മറ്റൊരു മുതലയെ കണ്ടെത്തിയിരിക്കുകയാണ്. മുതലയെ കണ്ടെത്തിയ വാർത്ത ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചു. ധാരാളം ഭക്തജനങ്ങളാണ് ഇതോടെ മുതലയെ കാണാനായി ഇവിടേക്ക് എത്തിച്ചേർന്നത്. പ്രദേശവാസികൾ പറയുന്നത് അനുസരിച്ച് 75 വർഷത്തോളമായി ബബിയ മാത്രമായിരുന്നു ഈ ക്ഷേത്രക്കുളത്തിൽ ഉണ്ടായിരുന്നത്. അതിനും വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് ഈ ക്ഷേത്രക്കുളത്തിൽ ഒരു മുതല ഉണ്ടായിരുന്നു. എന്നാൽ ഈ പ്രദേശത്ത് തങ്ങളുടെ സൈനിക ക്യാമ്പ് സ്ഥാപിച്ച ബ്രിട്ടീഷുകാർ ആ മുതലയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് കുളത്തിൽ മറ്റൊരു മുതല കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ആ മുതല കുഞ്ഞിന് ക്ഷേത്രം ജീവനക്കാർ ബബിയ എന്ന പേരിടുകയായിരുന്നു.
ബബിയ വിടവാങ്ങി ഒന്നര വർഷത്തിനുശേഷമാണ് ഇപ്പോൾ മറ്റൊരു മുതലയെ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലും ഈ വാർത്ത വളരെയേറെ പ്രചരിച്ചിരുന്നു. ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ മുതലയെ കണ്ടിരുന്നില്ല. ഇതോടെ ഇത് വ്യാജ പ്രചരണമാകാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ നീണ്ട നിരീക്ഷണത്തിനൊടുവിൽ ക്ഷേത്രത്തിൽ മുതല ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ ബബിയ കഴിഞ്ഞിരുന്ന കുളത്തിനുള്ളിലെ മടയിൽ തന്നെയാണ് ഇപ്പോൾ കണ്ടെത്തിയ മുതലയും കഴിയുന്നതെന്നാണ് ലഭിക്കുന്ന സൂചന. വിവരം പ്രചരിച്ചതോടെ ധാരാളം പേരാണ് ഈ മുതലയെ കാണാനായി ഇവിടേക്ക് എത്തുന്നത്.
Discussion about this post