ഒട്ടാവ: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവനാണ് അതിൻറെ അപകടം നേരിടേണ്ടി വരുക എന്ന് അദ്ദേഹം പറഞ്ഞു. 40 കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കൺവൻഷൻറെ ലംഘനമാണെന്ന ആരോപണം ആവർത്തിച്ചുകൊണ്ടാണ് പരാമർശം. ഇന്ത്യയുമായി തർക്കത്തിനില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണ്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാൽ ഞങ്ങൾ എല്ലാ സഖ്യകക്ഷികളുമായും നല്ലരീതിയിൽ പ്രവർത്തിക്കും. കാനഡ എല്ലായ്‌പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
വലിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നിയമം ലംഘിക്കാൻ കഴിയുമെങ്കിൽ, അത് ലോകത്തെ കൂടുതൽ അപകടത്തിലാക്കും.ഞങ്ങളുടെ വീക്ഷണകോണിൽ നിന്ന് ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കൂ, കനേഡിയൻ മണ്ണിൽ വന്ന് ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിക്കാൻ ഞങ്ങൾക്ക് മതിയായ കാരണങ്ങളുണ്ട്. ഈ വിഷയത്തിലുള്ള ഇന്ത്യയുടെ പ്രതികരണവും വിയന്ന കൺവെൻഷൻ പ്രകാരമുള്ള ഉടമ്പടികൾ ലംഘിച്ചുകൊണ്ട് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.’കാരണം, മറ്റൊരു രാജ്യത്തെ നയതന്ത്രജ്ഞർക്ക് സംരക്ഷണം നൽകില്ലെന്ന് ഒരു രാജ്യം തീരുമാനിച്ചാൽ അത് അന്താരാഷ്ട്ര ബന്ധങ്ങളെ അപകടത്തിലാക്കും. എന്നാൽ ഓരോ ഘട്ടത്തിലും ഞങ്ങൾ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചു. അതിനർത്ഥം ഇന്ത്യൻ ഗവൺമെന്റ് ഞങ്ങളുടെ നയതന്ത്രജ്ഞരുമായി പ്രവർത്തിക്കുന്നത് തുടരുക എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് ഞങ്ങൾ ആഗ്രഹിക്കുന്ന പോരാട്ടമല്ല. എന്നാൽ എല്ലായ്‌പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളും, അതാണ് കാനഡയുടെ നിലപാടെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
Discussion about this post