‘മലിനീകരണ മുക്തമായ ഗതാഗതം’ എന്ന ആശയം പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഒരുക്കുന്നതിനായി രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് വാഹനമെന്ന ആശയം തന്നെ മലിനീകരണ മുക്തമായ ഗതാഗതം മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്.
മുമ്പ് വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ ആമസോൺ. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതി വഴി മലിനീകരണ മുക്തമായ ഡെലിവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും.
വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതിയാണ് ആമസോണ്‍ ഇപ്പോള്‍ ഇന്ത്യയിലും നടപ്പാക്കിയിരിക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളാണ് ഇതിനായി ആമസോണ്‍ നല്‍കുന്നത്. ഡെലിവറി സേവനങ്ങള്‍ക്കായി രാജ്യത്തുടനീളം 400 നഗരങ്ങളിലായി 6000-ത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങളാണ് ആമസോൺ ഇറക്കിയിരിക്കുന്നത്. ഇതിനായി മഹീന്ദ്ര ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ പിന്തുണയും ആമസോണിനുണ്ട്. 2025 ഓടെ 10000 ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ശ്രമമെന്ന് ആമസോൺ അറിയിച്ചു.
നീതി ആയോഗിന്റെ സീറോ പൊലൂഷന്‍ മൊബിലിറ്റി ക്യാംപയിനുള്ള പിന്തുണയായി ആണ് രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതെന്ന് ആമസോണ്‍ അറിയിച്ചു. കാര്‍ബണ്‍ രഹിത ഗതാഗത സംവിധാനമെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ പ്രതിജ്ഞബദ്ധമാണ്. നിലവില്‍ ഇലക്ട്രിക് ത്രീ വീലറുകളാണ് അധികമായി എത്തിച്ചുള്ളത്. ഭാവിയില്‍ കൂടുതല്‍ ഫോര്‍ വീലറുകള്‍ ഉള്‍പ്പെടെ എത്തിക്കുമെന്നും ആമസോൺ വ്യക്തമാക്കി.
Discussion about this post