ലണ്ടൻ : ഒരു ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. യുകെയുടെ വിദേശകാര്യ സെക്രട്ടറിയായി ഡേവിഡ് കാമറൂണിനെ നിയമിച്ചതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
സുല്ല ബ്രാവർമാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പകരം ജെയിംസ് ക്ലെവർലിയെ നിയമിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് മുൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്കുള്ള അപ്രതീക്ഷിത നിയമനം. മുൻപ് ഈ സ്ഥാനം വഹിച്ചിരുന്ന ജെയിംസ് ക്ലെവർലി ആഭ്യന്തര സെക്രട്ടറിയായി നിയമിതനായതോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കാമറൂൺ എത്തുന്നത്.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പോലീസിനെ വിമർശിച്ചതിനാണ് ആഭ്യന്തര സെക്രട്ടറിയായിരുന്ന സുല്ല ബ്രാവർമാനെ പുറത്താക്കിയത്. ശക്തമായ പാലസ്തീൻ അനുകൂല പ്രകടനങ്ങളാണ് യുകെയിൽ നടക്കുന്നത്. ഇതിനെ നിയന്ത്രിക്കാൻ സുല്ല ബ്രാവർമാന് കഴിയുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ഈ തീരുമാനമാണ് യുകെ സർക്കാരിൽ പുനഃസംഘടനയ്ക്ക് കാരണമായത്. 2010 മുതൽ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂൺ. ബ്രെക്‌സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
Discussion about this post