കൊല്ലം : ഒരു ദിവസം ഇരുപതോളം തവണ എല്ലാം കറന്റ് പോകുന്നു. കെഎസ്ഇബിയിൽ നിരന്തരമായി വിളിച്ചിട്ടും യാതൊരു നടപടിയും ഇല്ല. അത്തരം ഒരു സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് ഒരു മുട്ടൻ പണി നൽകിയിരിക്കുകയാണ് കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്ത്. വാർഡിലെ പത്തോളം കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്നടച്ചു ഈ മെമ്പർ. പക്ഷേ ബിൽ തുക നൽകിയത് ചില്ലറ നാണയങ്ങൾ ആയിട്ടായിരുന്നെന്നുമാത്രം.
കൊല്ലം തലവൂരിൽ ആണ് ഈ വ്യത്യസ്തമായ പ്രതിഷേധം നടന്നത്. ഏതാണ്ട് 7,000 ത്തോളം രൂപയാണ് മെമ്പർ ചില്ലറയാക്കി കെഎസ്ഇബി ഓഫീസിൽ എത്തിച്ചത്. ഇതോടെ ചില്ലറ എണ്ണിയെണ്ണി കെഎസ്ഇബി ജീവനക്കാർ മടുത്തു. ഈ വ്യത്യസ്തമായ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ധാരാളം പേരാണ് ബിജെപി മെമ്പർ ആയ രഞ്ജിത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
വൈദ്യുതി ചാർജ് വലിയ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യസമയത്ത് വൈദ്യുതി ലഭിക്കുന്നില്ല എന്നാണ് മെമ്പറുടെ പരാതി. ദിവസം ഇരുപതോളം തവണയെല്ലാമാണ് വാർഡിൽ കരണ്ട് പോകുന്നത്. ഇതോടെ വാർഡിലെ ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കാൻ മെമ്പർ രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു. ഇനിയും ഇത്തരത്തിൽ വൈദ്യുതി തടസ്സം തുടരുകയാണെങ്കിൽ അടുത്ത തവണ വാർഡിലെ 420 ഓളം കുടുംബങ്ങളുടെ ബിൽ തുക ഇത്തരത്തിൽ ചില്ലറയാക്കി പിക്കപ്പ് വിളിച്ചിട്ടാണെങ്കിലും കൊണ്ടുവരുമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
Discussion about this post