തിരുവനന്തപുരം : ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. കഴിഞ്ഞ അഞ്ചുമാസമായി സസ്പെൻഷനിൽ ആയിരുന്ന ഐജിയെ ജോലിയിൽ തിരിച്ചെടുത്തതായി മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐജിക്കെതിരായ ആരോപണത്തിൽ വകുപ്പ്തല അന്വേഷണം തുടരും.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപിച്ചായിരുന്നു ഐജി പി. വിജയനെ സസ്പെൻഡ് ചെയ്തിരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി. വിജയനെതിരെ നടപടി എടുത്തിരുന്നത്.
ഐജിയോട് വിശദീകരണം പോലും ചോദിക്കാതെയാണ് സസ്പെൻഷൻ നൽകിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സസ്പെൻഷന് അടിസ്ഥാനമാക്കിയ കാര്യങ്ങൾ കളവാണെന്ന് ഐജിപി വിജയൻ സർക്കാരിനെ ബോധിപ്പിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി കെ വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി പി. വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്തിരുന്നു.
സസ്പെൻഷൻ റദ്ദാക്കാൻ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിട്ടും സർക്കാർ പി. വിജയന് അനുകൂലമായ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഐജി പി. വിജയന് അനുകൂലമായി സർക്കാരിന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ റദ്ദാക്കിയിരിക്കുന്നത്.
Discussion about this post