ന്യൂഡൽഹി : ഭക്ഷണ വസ്തുക്കളിലോ പാനീയങ്ങളിലോ മായം കലർത്തുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നൽകണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തു. നിലവിൽ ഭക്ഷണ വസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ നൽകുന്നത്. ഈ ശിക്ഷ അപര്യാപ്തമാണെന്ന് പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
മായം കലർന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. ഈ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ വകുപ്പ് പ്രകാരം കുറ്റവാളികൾക്കുള്ള ശിക്ഷ അപര്യാപ്തമാണെന്നാണ് സമിതി വ്യക്തമാക്കിയത്. ബിജെപി എംപി ബ്രിജ്‌ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.
പുതിയ ഭാരതീയ ന്യായ സംഹിത അനുസരിച്ച് ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷയായി “കമ്മ്യൂണിറ്റി സർവീസ്” ഏർപ്പെടുത്തിയതിനെ സ്വാഗതാർഹമായ നടപടിയെന്നും പാർലമെന്ററി സമിതി വിശേഷിപ്പിച്ചു. ചെറിയ കുറ്റങ്ങൾക്ക് പോലും ശിക്ഷ ലഭിക്കുന്നവരെ ജയിലിൽ എത്തിക്കുന്നത് വഴി ജയിൽ മാനേജ്മെന്റ് വലിയ ഭാരമാക്കി മാറ്റുന്നുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു. ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് വിടുന്നത് വഴി ഇപ്പോൾ ജയിലുകൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ കഴിയുമെന്നും പാർലമെന്ററി സമിതി അറിയിച്ചു.
Discussion about this post