തൃശൂർ : ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനത്തിന് എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ പ്രതിഷേധം. മുണ്ടുരിഞ്ഞു കാണിച്ചാണ് പ്രതിഷേധിച്ചത്. മാമാ ബസാർ സ്വദേശിയായ ബഷീർ എന്ന യുവാവാണ് മുഹമ്മദ് റിയാസിന് നേരെ മുണ്ടുരിഞ്ഞു പ്രതിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ മേൽപാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് വേദിക്ക് അടുത്തേക്ക് എത്തിയത്. ഈ സമയമാണ് ബഷീർ ഉടുത്തിരുന്ന കറുത്ത നിറമുള്ള മുണ്ട് അഴിച്ചെടുത്ത് മുഹമ്മദ് റിയാസിനു നേരെ പ്രതിഷേധിച്ചത്.
ഉടൻതന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി പുറത്തേക്ക് കൊണ്ടു പോയി. ഇയാൾ മദ്യലഹരിയിൽ ആണെന്നാണ് പോലീസ് പറയുന്നത്. ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം’ പദ്ധതിയിലാണ് ഗുരുവായൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. നീണ്ട കാലതാമസത്തിന് ശേഷമാണ് പദ്ധതി പൂർത്തിയാക്കുന്നത്.
Discussion about this post