മുംബൈ: പ്രമുഖ വ്യവസായിയും സഹാറ ഗ്രൂപ്പ് സ്ഥാപകനുമായ സുബ്രതാ റോയ് അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി 10.30ഓടെ മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ലക്‌നൗവിലെ സഹാറയുടെ ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.
കഴിഞ്ഞ കുറച്ചു നാളുകളായി അർബുദ രോഗ ബാധിതനായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും കൂടിയത് കാരണം കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹാറ ഇന്ത്യ പരിവാർ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ ആണ് മരണ വിവരം അറിയിച്ചത്.
“അഗാധമായ ദുഃഖത്തോടെയാണ് സഹാറ ഇന്ത്യ കുടുംബം ഞങ്ങളുടെ ബഹുമാന്യനായ ശ്രീ സുബ്രത റോയ് സഹാറയുടെ വിയോഗം അറിയിക്കുന്നത്. ദീർഘദർശിയായ നേതാവായിരുന്നു അദ്ദേഹം. 2023 നവംബർ 14 ന് രാത്രി 10.30 ന് രക്തസമ്മർദ്ദവും, പ്രമേഹം കൂടി ആരോഗ്യസ്ഥിതി മോശമാവുകയും , തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ മരണം സംഭവിക്കുകയുമായിരുന്നു” , അനുശോചന കുറിപ്പിൽ പറയുന്നു.
1948 ജൂൺ 10ന് ബീഹാറിലെ അരാരിയയിലാണ് സുബ്രതാ റോയുടെ ജനനം. സാമ്പത്തിക, റിയൽഎസ്‌റ്റേറ്റ്, മീഡിയ,ഹോസ്‌പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യമാണ് സഹാറ ഗ്രൂപ്പ്. സ്വപ്‌നാ റോയ് ആണ് ഭാര്യ. സുശാന്തോ, സീമാന്തോ റോയ് എന്നിവർ മക്കളാണ്.
ഗൊരഖ്പൂരിലെ ഗവൺമെന്റ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് സുബ്രത റോയ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. 1976-ൽ ആണ് അദ്ദേഹം സഹാറ ഫിനാൻസ് ഏറ്റെടുക്കുന്നത്. 1978-ഓടെ അദ്ദേഹം അതിനെ സഹാറ ഇന്ത്യ പരിവാറായി രൂപാന്തരപ്പെടുത്തി, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി സഹാറ മാറിയതിനു പിന്നിലും സുബ്രത റോയിയുടെ പരിശ്രമമാണ്. സഹാറ ഗ്രൂപ്പ് 1992-ൽ രാഷ്ട്രീയ സഹാറ- ഹിന്ദി ഭാഷാ പത്രം ആരംഭിച്ചു, പിന്നീട് സഹാറ ടിവിയിലൂടെ ടെലിവിഷൻ രംഗത്തേക്കും പ്രവേശിച്ചു, അത് സഹാറ വൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
Discussion about this post