വാഷിംഗ്ടൺ: ഇരട്ട ഗർഭപാത്രത്തോടെ ജനിച്ച അമേരിക്കൻ യുവതി ഇരു ഗർഭപാത്രങ്ങളിലും ജീവൻ പേറുന്നു. 32 വയസ്സുകാരിയായ കെൽസി ഹാച്ചറാണ് ഇരട്ട ഗർഭപാത്രങ്ങളിൽ ജീവൻ വഹിക്കുന്നത്.
ലോകത്തെ 0.3 ശതമാനം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന യൂട്രസ് ഡൈഡെൽഫിസ് എന്ന അപൂർവ അവസ്ഥയാണ് തനിക്കെന്ന് പതിനേഴാം വയസിലാണ് കെൽസി തിരിച്ചറിയുന്നത്. മെയ് മാസത്തിൽ നടന്ന പരിശോധനയിലാണ് തന്റെ ഉദരത്തിലെ രണ്ട് ഗർഭപാത്രങ്ങളിലും ജീവൻ തുടിക്കുന്നു എന്ന് കെൽസി തിരിച്ചറിഞ്ഞത്.
രണ്ട് ഗർഭപാത്രങ്ങളിലും വെവ്വേറെ ആയിട്ടായിരുന്നു അണ്ഡോൽസർജ്ജനം നടന്നത്. ഓരോ അണ്ഡം വീതം ഓരോ ഫലോപ്യൻ ട്യൂബുകളിൽ എത്തി. ഇവ ഗർഭപാത്രങ്ങളുടെ ഇരു വശങ്ങളിലും എത്തപ്പെട്ടു. തുടർന്ന് ബീജം ഇരു ഗർഭപാത്രങ്ങളിലും എത്തിച്ചേരുകയും ബീജസങ്കലനം നടക്കുകയുമായിരുന്നു.
സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് താൻ ഈ കാലഘട്ടം ആസ്വദിക്കുന്നതെന്നാണ് കെൽസി പറയുന്നതെങ്കിലും, ഇത് അത്ര സുഖകരമായ അവസ്ഥയല്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഗർഭകാല സങ്കീർണതകളും വേദനാജനകമായ ആർത്തവ കാലഘട്ടവുമൊക്കെ ഈ അവസ്ഥയുടെ ഒപ്പം ഉണ്ടാകും.
വൈദ്യശാസ്ത്രം അസ്വാഭാവിക ഗർഭപാത്രങ്ങളുടെ പട്ടികയിലാണ് ഇത്തരം അവസ്ഥകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസവ വേദന ഇരു ഗർഭപാത്രങ്ങളിലും വെവ്വേറെ സമയങ്ങളിൽ അനുഭവപ്പെട്ടേക്കാം. ഇതിന് ചിലപ്പോൾ മിനിറ്റുകളുടെയോ സെക്കൻഡുകളുടെയോ മണിക്കൂറുകളുടെയോ വ്യത്യാസം ഉണ്ടായേക്കാം. അതിനാൽ സിസേറിയൻ ആണ് ഉചിതമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. എന്നാൽ ക്രിസ്മസ് കാലത്ത് സ്വാഭാവിക പ്രസവത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കെൽസിയും ഭർത്താവ് കാലിബ് ഹാച്ചറും പറയുന്നു.
വികാസ കാലത്ത് ഗർഭപാത്രനാളങ്ങൾ സംയോജിക്കാത്തതാണ് യൂട്രസ് ഡൈഡെൽഫിസ് എന്ന അവസ്ഥയ്ക്ക് കാരണം. സാധാരണ ഗതിയിൽ ഒന്നായി ചേർന്ന് ഒരുമിച്ച് ഇരിക്കേണ്ട ഭാഗങ്ങളാണ് ഇവ. ഇത്തരം സങ്കീർണതകൾ ഉള്ള ചിലരിൽ രണ്ട് യോനീനാളങ്ങൾ എന്ന അപൂർവതയും കാണപ്പെടാറുണ്ട്. നാളങ്ങൾ സംയോജിക്കാത്ത അവസ്ഥ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പലരിലും ആദ്യ കാലഘട്ടങ്ങളിൽ യൂട്രസ് ഡൈഡെൽഫിസ് ശ്രദ്ധിക്കപ്പെടാറില്ല. തുടർച്ചയായ ആർത്തവ വേദനക്കോ ഗർഭം അലസലുകൾക്കോ ശേഷം നടത്തുന്ന പരിശോധനയിലാകും ഇത് കണ്ടെത്തപ്പെടുക.
ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന, ആർത്തവ കാലത്തിന് മുൻപും ശേഷവുമുള്ള പേശീവേദന, അമിത ആർത്തവ രക്തസ്രാവം, തുടർച്ചയായ ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവയാണ് പ്രധാന സങ്കീർണതകൾ.
Discussion about this post