ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. നാലാം ദിവസമാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, ഇന്നലെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ പൈപ്പുകൾ അകത്തേക്ക് കയറ്റി ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായത്കൊണ്ടു തന്നെ പൈപ്പുകൾ അകത്തേക്ക് കയറ്റാനായി എത്തിച്ച ഓഗർ ഡ്രില്ലിംഗ് മെഷീനും ഇത് സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോമും മാറ്റേണ്ടിവന്നു.
ഓഗർ ഡ്രില്ലിംഗ് മെഷീന് പ്ലാറ്റ്ഫോം തയ്യാറാക്കാൻ രക്ഷാപ്രവർത്തകർ ഇന്നലെ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. എന്നാൽ, പുതിയ മണ്ണിടിച്ചിലോടെ വീണ്ടും പ്ലാറ്റ്ഫോം തയ്യാറാക്കാനുള്ള പണികൾ ആരംഭിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾ വീണ് രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി.
‘തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഓഗർ മെഷീൻ ഉപയോഗിച്ച് തുരങ്കം നിർമിച്ച് പൈപ്പുകൾ കടത്തി വിടാൻ ശ്രമം ആരംഭിച്ചിരുന്നു. ഇത് വിജയിച്ചിരുന്നെങ്കിൽ ഇന്നലെയോടെ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്നലെയുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിൽ ശ്രമം പരാജയപ്പെടുത്തി. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി’- ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റുഹേല പറഞ്ഞു.
ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്ലാറ്റ്‌ഫോം ബലപ്പെടുത്തുന്നതിനുള്ള കോൺക്രീറ്റ് ജോലികളും പുരോഗമിക്കുന്നുണ്ട്. 800, 900 മില്ലിമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ ഒന്നിനുപുറകെ ഒന്നായി ഡ്രില്ലിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്ക് ഉള്ളിലേക്ക് കയറ്റി സുരക്ഷിതമായി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നോക്കുന്നത്. ആറ് മീറ്റർ നീളമുള്ള എട്ട് 900 മില്ലിമീറ്റർ വ്യാസത്തിന്റെ പൈപ്പുകളും അതേ നീളത്തിൽ 800 മില്ലിമീറ്റർ വ്യാസമുള്ള അഞ്ച് പൈപ്പുകളും ആണ് ഉള്ളത്. ട്യൂബുകളിലൂടെ ഓക്സിജൻ, വെള്ളം, ഭക്ഷണ പാക്കറ്റുകൾ, മരുന്നുകൾ എന്നിവ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. നാൽപ്പതോളം
തൊഴിലാളികളാണ് അകത്ത് കുടുങ്ങിക്കിടക്കുന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post