പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ഇനി ആ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് രോഹിണി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രോഹിണി തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു, എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം സഹോദരൻ തേജസ്വിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
തേജസ്വി യാദവിന്റെ അടുത്ത സഹായിയായ സഞ്ജയ് യാദവിന്റെ ആർജെഡിയിലെ ഇടപെടലുകളാണ് രോഹിണിയ്ക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നത്. സഞ്ജയ് യാദവ് ലാലുവിന്റെയും തേജസ്വിയുടെയും സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും, അക്കാര്യം തനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും രോഹിണി നേരത്തെ സൂചിപ്പിച്ചിരുന്നു.
“ഒരു മകളും സഹോദരിയും എന്ന നിലയിൽ ഞാൻ എന്റെ കടമയും ധർമ്മവും നിറവേറ്റി, ഞാൻ അത് തുടരും. എനിക്ക് ഒരു സ്ഥാനത്തിനും ആഗ്രഹമില്ല, രാഷ്ട്രീയ അഭിലാഷങ്ങളുമില്ല. എന്റെ ആത്മാഭിമാനമാണ് എനിക്ക് പരമപ്രധാനം. ജീവൻ പണയപ്പെടുത്തി ഏറ്റവും വലിയ ത്യാഗങ്ങൾ ചെയ്യാൻ ധൈര്യമുള്ളവരുടെ രക്തത്തിൽ, നിർഭയത്വം, ധൈര്യം, ആത്മാഭിമാനം എന്നിവ ഒഴുകുന്നു. എന്നാൽ ആരെങ്കിലും ഉന്നത നേതൃത്വത്തിന് മുകളിലാണെന്ന് കരുതുന്നുവെങ്കിൽ, അത് തെറ്റാണ് ” എന്നും സൂചിപ്പിച്ചുകൊണ്ട് രോഹിണി സമൂഹമാധ്യമങ്ങളിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചു. നേരത്തെ നാലു പ്രസാദ് യാദവിന് വൃക്ക നൽകിയതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു മകൾ രോഹിണി.









Discussion about this post